ന്യൂഡൽഹി: പശ്ചിമേഷ്യന്‍ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയനുമായി ടെലിഫോൺ സംഭാഷണം നടത്തി. മേഖലയിലെ ഗുരുതരമായ സാഹചര്യം ഇരുവരും ചർച്ച ചെയ്തതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.യുദ്ധം മൂലം സാധാരണക്കാരുടെ ജീവൻ നഷ്ടപ്പെടുന്നതിലും അടിസ്ഥാന സൗകര്യങ്ങൾ തകർക്കപ്പെടുന്നതിലും പ്രധാനമന്ത്രി മോദി ആശങ്ക രേഖപ്പെടുത്തി.
മേഖലയിൽ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. നയതന്ത്ര ചർച്ചകളിലൂടെയും സംഭാഷണങ്ങളിലൂടെയും പ്രശ്നപരിഹാരം കണ്ടെത്തണമെന്നാണ് ഇന്ത്യയുടെ നിലപാടെന്ന് അദ്ദേഹം ആവർത്തിച്ചു.
ഇറാനിലുള്ള ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയ്ക്കാണ് ഇന്ത്യ പ്രഥമ പരിഗണന നൽകുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൂടാതെ, പേർഷ്യൻ ഗൾഫിലൂടെയുള്ള വ്യാപാര ചരക്കുകളുടെയും ഊർജ വിതരണത്തിന്റെയും തടസമില്ലാത്ത നീക്കം ഉറപ്പാക്കേണ്ടത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം തടസപ്പെടുന്നത് ഇന്ത്യയുടെ ഇന്ധന ഇറക്കുമതിയെ ബാധിക്കാൻ സാധ്യതയുള്ളതിനാൽ, ഇക്കാര്യത്തിൽ ഇന്ത്യ ജാഗ്രത പുലർത്തുന്നുണ്ട്. ഇറാനിലെ നിലവിലെ സാഹചര്യങ്ങളെക്കുറിച്ച് പ്രസിഡന്റ് പെസെഷ്കിയൻ പ്രധാനമന്ത്രിയോട് വിശദീകരിച്ചു. വരും ദിവസങ്ങളിലും ഇരു നേതാക്കളും ആശയവിനിമയം നടത്തുമെന്നാണ് റിപ്പോർട്ടുകൾ.